സ്വാഭിമാനത്തിന്റെ സ്വാതന്ത്ര്യദിനം
ജീവരക്തം നൽകി വന്ദേമാതരത്തെ ജീവശ്വാസമാക്കി, ജീവിതവും ജീവനും നൽകി രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ കോടി കോടി ദേശഭക്തർ. ഇന്നും സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും സംരക്ഷിക്കാൻ പൊരുതിക്കൊണ്ടിരിക്കുന്ന ധീരസൈനികർ. അവരിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ആയിരങ്ങളുണ്ട്.
അവരോടുള്ള ആദരവാണ് നമ്മുടെ സ്വാതന്ത്ര്യ സങ്കല്പത്തെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുന്നത്.
രാജ്യത്തെ ഊട്ടുന്ന കർഷകർ, മഹാവ്യാധിക്കെതിരെ സന്ധിയില്ലാ സമരത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ, രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഈ നിമിഷവും സ്വന്തം കർത്തവ്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവരിൽ രാജ്യത്തെ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ, തലമുറകളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന അധ്യാപകർ, സർവ്വ മേഖലയിലും സ്വച്ഛതയ്ക്കായി പ്രയത്നിക്കുന്നവർ, അതെ നമ്മുടെ സാഹോദര്യമാണ് ഐക്യമാണ് സ്വാതന്ത്ര്യത്തെ ദൃഢീകരിക്കുന്നത്. നാം ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിലെത്തി നിൽക്കുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ളവ പ്രതീക്ഷയുടെ പൊൻകിരണമായി മാറുകയാണ്.
നവഭാരതം അഗ്നിച്ചിറകുകളിലേറി കുതിക്കുകയാണ്.
നമുക്ക് രാജ്യത്തിനൊപ്പം നിൽക്കാം.
ത്രിവർണ പതാക പാറിപ്പറക്കട്ടെ.
ഹൃദയങ്ങളിൽ ദേശസ്നേഹം തുടിക്കട്ടെ.
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.



Comments
Post a Comment